|
ഹജ്ജിന്റെ പാഠങ്ങള്‍ :: 26-10-2009 :: Submitted by ഫൈസല്‍ മഞ്ചേരി
|
|
ഹജ്ജിനുവേണ്ടി ലോകമുസ്ലീങ്ങള്‍ മക്കയില്‍ സമ്മേളിച്ചുകൊണ്ടിരിക്കുന്ന ദിവസങ്ങളാണിത്. അല്ലാഹു വിളിച്ചു ചേര്‍ത്തിരിക്കുന്ന ലോകമഹാ സമ്മേളനത്തില്‍ പങ്കെടുക്കാനായി കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയും ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും, മുക്ക് മൂലകളില്‍നിന്നും, മുസ്ലീം പ്രതിനിധികള്‍ മക്കയിലെത്തിയിരിക്കുകയാണ്. അല്ലാഹു പ്രവാചകനായ ഇബ്രാഹിമിനോട് പറഞ്ഞു.
നീ ജനങ്ങളില്‍ ഹജ്ജിന് വിളംബരം ചെയ്യുക. അവര്‍ കാല്‍നടയായും വിദൂരത്തുള്ള സകല മലമ്പാതകള്‍ താണ്ടിയും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തേറിയും നിന്റെ അടുത്ത് വന്നെത്തും. (ഖുര്‍ ആന്‍ ഹജ്ജ് -27)
ലോകം മുഴുവന്‍ മക്കയിലേക്ക് ചുരുങ്ങിയിരിക്കുന്നു. ആകാശത്തുനിന്ന് നോക്കിയാല്‍ ഒരു കൊച്ചുപനനീര്‍ പൂവ് വിടര്‍ന്നു വരുന്നതുപോലെ. അതിന്റെ മധ്യത്തിലായി കഅബ ഹജ്ജ് കഴിഞ്ഞ് മഞ്ഞുതുള്ളിയുടെ നിര്‍മലതയും പനനീര്‍പൂവിന്റെ സുഗന്ധവുമായി ഹാജിമാര്‍ മക്കവിടുമ്പോള്‍ ഈ കൊച്ചു പൂവ് വിടര്‍ന്നു വികസിക്കുന്നു. അതോടെ ലോകം മുഴുവന്‍ നന്മയുടെ സുഗന്ധം പരക്കുകയായി. മക്ക മിഡില്‍ ഈസ്റ്റിലാണെന്നാണ് പൊതുവെ പറയാറുള്ളതെങ്കിലും യഥാര്‍ത്ഥത്തില്‍ ഈ പൗരാണിക നഗരം മിഡില്‍ എര്‍ത്തിലാണ് (മക്ക ഭൂമിയുടെ മധ്യത്തിലാണ് എന്ന് പഠനങ്ങിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്.) മനസിനും ശരീരത്തിനും കുളിര്‍മ നല്‍കിക്കൊണ്ട് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അല്‍ഭുതം മക്കയിലാണ്. കോടിക്കണക്കിന് മനുഷ്യര്‍ കുടിച്ചിട്ടും കുളിച്ചിട്ടും വാരിക്കോരി നാട്ടിലേക്ക് കൊണ്ടു പോയിട്ടും ഒരിക്കലും വറ്റാത്ത തെളിഞ്ഞ ഒരു നീരുറവ., ഇബ്രാഹിം നബിയുടെ മൂത്തപുത്രന്‍ ഇസ്മയില്‍ എന്ന പിഞ്ചു കുഞ്ഞ് വിശന്ന് കരഞ്ഞ് തന്റെ കുഞ്ഞിക്കാലുകൊണ്ട് ഭൂമിയില്‍ അടിച്ചപ്പോള്‍ ദൈവ നിര്‍ദേശത്താല്‍ സ്നേഹപൂര്‍വ്വം ചുരത്തിക്കൊടുത്ത ഭൂമിയുടെ മുലപ്പാല്‍. സംസം എന്നാണ് ഈ തെളിനീരുറവ അറിയപ്പെടുന്നത്. മക്കയുടെ മാണിക്യമാണത്.
ഹജ്ജ് ദൈവദാസ്യത്തിന്റെ പൂര്‍ണരൂപമാണ്. ഹജ്ജിലൂടെ മാനസികമായും ശാരീരികമായും സാമ്പത്തികമായും മനുഷ്യന്‍ പൂര്‍ണമായി അല്ലാഹുവിന് സമര്‍പ്പിക്കുന്നു. എല്ലാ അനുഷ്ഠാനങ്ങളും കൂടിച്ചേര്‍ന്ന ആയുസിലൊരിക്കല്‍ മാത്രം നിര്‍വഹിക്കേണ്ട ആരാധനയാണ് ഹജ്ജ്. ഇസ്ലാമിലെ പ്രധാന ആരാധനകളായ നമസ്കാരത്തിന്റെയും നോമ്പിന്റെയും സക്കാത്തിന്റെയും ഘടകങ്ങള്‍ ഹജ്ജില്‍ സമ്മളിച്ചതായി കാണാം. ഹജ്ജ് നല്‍കുന്ന ചില പ്രതീകങ്ങളും ചിത്രങ്ങളും പാഠങ്ങളും നമുക്ക് പരിശോധിച്ചുനോക്കാം.
മരണം
ഹജ്ജിലെ കര്‍മ്മങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതീകവല്‍ക്കരിക്കുന്നത് മരണത്തെയാണ്. രണ്ട് തുണിക്കഷ്ണങ്ങള്‍ മാത്രമാണ് ഹാജിയുടെ വസ്ത്രം ഒന്ന് ഉടുക്കാനും മറ്റൊന്ന് ചുമലിലൂടെ പുതക്കാനും. ഈ രണ്ട് മുണ്ട് മാത്രമുടുത്ത് കൊണ്ട് മനുഷ്യന്‍ ഇഹ്റാമില്‍ പ്രവേശിക്കുന്നതോടെ മരമത്തോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നു. മൃതദേഹത്തെ പുതപ്പിക്കുന്ന കഫന്‍ പുടവയോടാണ് അവന്റെ ഇഹ്റാം വസ്ത്രത്തിന് കൂടുതല്‍ സാമ്യം. രണ്ടിന്റെയും നിറം വെളുപ്പ്. രണ്ടിനും ഭൗതികതയെ സൂചിപ്പിക്കുന്ന പോക്കറ്റുകളുമില്ല. അറഫയിലെ നട്ടുച്ചനേരത്തെ നില്‍ക്കല്‍ മരണാനന്തരം പരലോകത്തുവെച്ചുള്ള വിചാരണയുടെ ഭൂമിയിലെ റിഹേഴ്സലാണ്. വിചാരണ കാത്തുകഴിയുന്ന ജനങ്ങളുടെ പാരവശ്യത്തിന്റെ ചെറിയ രൂപം അറഫയിലും കാണാം. പ്രജകളുടെ ആവശ്യങ്ങളും ആവലാതികളും കേള്‍ക്കാന്‍ ഭൂമിയുടെ തൊട്ടടുത്ത ആകാശത്തിലേക്ക് ഇറങ്ങിവരുന്ന പ്രപഞ്ച നാഥന്‍. അവങ്കലേക്ക് കൈയുയര്‍ത്തിക്കൊണ്ട് വിതുമ്പി കരയുന്ന ജനലക്ഷങ്ങള്‍. ഭൗതിക ജീവിതം അവിടെ ഉരുകിയൊലിച്ച് ഇല്ലാതാവുന്നു. അന്ന് രാത്രി ഹാജിമാര്‍ ഉറങ്ങുന്നത് മുസ്ദലിഫയിലെ മരുഭൂമിയിലാണ്. അവിടെ ടെന്റുകളില്ല. താഴെ പരുപരുത്ത ഭൂമിയും മുകളില്‍ പ്രതീക്ഷയുടെ ആകാശവും മാത്രം. അതിനിടയില്‍ ജനലക്ഷങ്ങള്‍ പുഴുക്കളെപ്പോലെ പിടക്കുന്ന കാഴ്ച ചിന്തോദ്ദീപകമാണ്. മരണത്തേയും പരലോകത്തെയും മനുഷ്യന്റെ നിസാരതയെയും ഭൂമിയില്‍ വെച്ച് അനുഭവിച്ചറിയാനുള്ള അവസരമാണ് മുസദലിഫ നല്‍കുന്നത്. ആള്‍ ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടപോലെ. പരലോകത്തിലെ അവസ്ഥ തന്നെ.
നിങ്ങലോരോരുത്തരും നമ്മുടെ അടുത്തേയ്ക്ക് ഒറ്റക്കൊറ്റക്ക് വന്നെത്തിയിരിക്കുന്ന. ആദ്യം നാം നിങ്ങളെ സൃഷ്ടിച്ചപോലം തന്നെ. (ഖുര്‍ ആന്‍ 94)
ജീവിതം
പുതിയ ഒരു ജീവിതമാണ് ഹജ്ജ് വിശ്വാസിക്ക് പകര്‍ന്നു നല്‍കുന്നത്. അത് മരണത്തെ മാത്രമല്ല ജീവിതത്തെയും ഓര്‍മ്മിപ്പിക്കുന്നു. മരണവും ജീവിതവും ഒരുമിച്ച് പഠിപ്പിക്കുന്നു. അറഫയിലെ പ്രതീകാത്മകമായ മരണശേഷം ഇഹലോകത്ത് പുതിയ ജീവിതം ആരംഭിക്കാനുള്ള അവസരം സത്യവിശ്വാസിക്ക് നല്‍കുയാണ് ഹജ്ജ് വഴി അല്ലാഹു ചെയ്യുന്നത്. തികച്ചും ഒരു പുതിയ മനുഷ്യന്‍. ഇപ്പോള്‍ ഈ ഭൂമിയിലേക്ക് പിറന്നു വീണ ശിശുവിനെപ്പോലെ നിര്‍മല ഹൃദയനും നിഷ്കളങ്കനുമായിരിക്കുമപ്പോഴവന്‍. ഒരു തിരുമൊഴി നോക്കുക. ആരെങ്കിലും പ്രതിഫലാര്‍ഹമായരൂപത്തില്‍ ഹജ്ജ് ചെയ്താല്‍ അവന്‍ മടങ്ങിവരുന്നത് മാതാവ് പ്രസവിച്ച ദിവസത്തെപ്പോലെ പരിശുദ്ധനായിട്ടായിരിക്കും. (നബി വചനം
ജിഹാദ്
ഹജജ് ദൈവമാര്‍ഗത്തിലുള്ള സമരമാണ്. മനസ്സുകൊണ്ടും ശരീരം കൊണ്ടും സമ്പത്തുകൊണ്ടുമുള്ള സമരം. ഹജ്ജിലൂടെ സത്യവിശ്വാസി തന്റെ മനസിനെയും ശരീരത്തെയും സമരസജ്ജമാക്കുന്നു. പിശാചിനെതിരെയുള്ള സമരം. ദേഹൈച്ഛയ്ക്കെതിരെയുള്ള സമരം, തിന്മയ്ക്കെതിരെയുള്ള സമരം, എല്ലാശത്രുക്കള്‍ക്കുമെതിരെയുള്ള ആത്മീയവും ഭൗതികവുമായുള്ള സമരം. ഇതിന്റെയെല്ലാം ബാലപാഠങ്ങള്‍ അവന്‍ ഹജ്ജിലൂടെ സ്വായത്തമാക്കുന്നു. പ്രദക്ഷിണം ചെയ്യുമ്പോള്‍ അവന്‍ അല്ലാഹുവിന്റെ ഭവനത്തെ വലം വയ്ക്കുന്നു. ശാരീരികമായും സമരസജ്ജമാണ് എന്ന സൂചനയാണ് ത്വഫാഫിലെ റംല് (കുലുങ്ങിയുള്ള നടത്തം ഇള്‍തിബാഅ (വലതു ചുമലും മസിലും വെളിവാക്കിക്കൊണ്ടുള്ള നടത്തം തുടങ്ങിയ കര്‍മ്മങ്ങിലൂടെ ഹാജി നല്‍കുന്നത് മിനയില്‍ മൂന്നോ നാലോ ദിവസം നടത്തുന്ന ഹാജിയുടെ കല്ലേറും സൂചിപ്പിക്കുന്നത് നിരന്തര സമരമാണ്. കല്ലെറിയുന്നത് പ്രതീകത്തെയാണെങ്കിലും അത് ആദ്യം ചെന്ന് കൊള്ളേണ്ടത് മനസില്‍ കുടിയിരിക്കുന്ന ചെകുത്താനാണ്. എല്ലാ ചെകുത്താന്‍മാര്‍ക്കുമെതിരിലുള്ള യുദ്ധ പ്രഖ്യാപനമാണ് മിനയില്‍ വെച്ച് കല്ലേറിലൂടെ ഹാജി പ്രതീകാത്മകമായി നടത്തുന്നത്
പ്രയത്നം
ഹജ്ജ് നിരന്തരം കര്‍മ്മം ചെയ്യാനുള്ള ആഹ്വാനമാണ്. അലസനോ സന്ദേഹിക്കോ ഹജ്ജില്‍ സ്ഥാനമില്ല. നീ ഒന്നില്‍നിന്ന് വിരമിച്ചാല്‍ മറ്റൊരു കര്‍മ്മത്തില്‍ നിരതാവുക (ഖുര്‍ആന്‍ 94:7) എന്ന ഖുര്‍ആനിന്റെ ആഹ്വാനം അക്ഷരം പ്രതി അനുസരിക്കുകയാണ് ഹാജി ചെയ്യുന്നത്. ഹജ്ജിന് ഇഹ്റാം കെട്ടിക്കഴിഞ്ഞാല്‍ പിന്നെ അവന് വിശ്രമമില്ല. നിരന്തരം ചലിച്ചുകൊണ്ടേയിരിക്കുന്നു. ദുല്‍ഹജ്ജ് 8 ന് ആദ്യം മിനയിലേക്ക്, 9 ന് രാവിലെ അറഫയിലേക്ക് സൂര്യനസ്തമിച്ചാല്‍ തിരിച്ച് മുസ്ദലിഫയിലേക്ക്, 10 ന് രാവിലെ വീണ്ടും മിനയിലെത്തി കല്ലെറിയുന്നു. തിരിച്ച് വീണ്ടും മക്കയിലേക്ക്. അവിടെ ജനപ്രവാഹത്തിന്റ ത്വവാഫിലേക്ക്, നിരന്തരചലനം തന്നെ. ത്വവാഫിനിടയില്‍ നില്‍ക്കാനോ വിശ്രമിക്കാനോ സാധ്യമല്ല. നിന്നാല്‍ കര്‍മ്മ പഥത്തില്‍നിന്ന് നിങ്ങള്‍ക്ക് പുറത്തേക്ക് പോകേണ്ടിവരും. അതുകൊണ്ട് ആ ജനപ്രവാഹത്തില്‍ ഒരു കണ്ണിയായി ഈ ദൈവദാസന്‍ അലിഞ്ഞു ചേരുന്നു. ശേഷം സ്ഥിരോല്‍സാഹത്തിന്റെയും പ്രതീക്ഷ വറ്റാത്ത നിരന്തര പ്രയത്നത്തിന്റെയും നിത്യ പ്രതീകമായ ഹാജറിന്റെ വഴിയെ സഅ്യിലേക്ക് നടന്നടുക്കുന്നു. സഅ‌്യ് എന്ന പദംതന്നെ പ്രയത്നത്തെ കുറിക്കുന്നു. തനിക്കും താന്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിനും അന്തസ്സാര്‍ന്ന നിലനില്‍പിന് എന്തണോ ഇല്ലാത്തത് അത് അന്വേഷിച്ചുകൊണ്ടുള്ള നിരന്തര പ്രയത്നം. ത്വവാഫ് വട്ടത്തിലുള്ള ചലനമായിരുന്നുവെങ്കില്‍ സഅ്യ് നീളത്തില്‍ നടക്കുന്ന പരിശ്രമമാണ്. അല്ലാഹുവിന്റെ ചാരത്തണയാനുള്ള ഓട്ടം. അവന്റെ സ്നേഹംകിട്ടാനുള്ള ദാഹം. പാപങ്ങള്‍ മുഴുവന്‍ പൊറുത്ത് കിട്ടാനുള്ള മോഹം. അവശനും പരവശനുമാണെങ്കിലും നന്‍മയുടെ തെളിനീര്‍ തേടിയുള്ള അവന്റ യാത്രയില്‍ നിരാശയില്ല. സഅ്യ് കഴിഞ്ഞിട്ടും പ്രയാണം പ്രയാണം തുടരുന്നു. മുടിമുറിച്ച് വീണ്ടും മിനയിലേക്ക് തിരിച്ചുപോകണം. അവിടെയാണ് രാത്രി കിടക്കേണ്ടത്. പിന്നീടുള്ള മൂന്ന് ദിവസവും നിരന്തര പ്രയത്നത്തിന്റെ പ്രതീകമായ കല്ലേറ് തന്നെ. കിടന്നുറങ്ങുന്ന സമുദായത്തിന് ഹജ്ജ് നല്‍കുന്നത് ആലസ്യം വിട്ടെഴുന്നേല്‍ക്കാനുള്ള ആഹ്വാനമല്ലാതെ മറ്റെന്താണ്.
സമത്വം
മനുഷ്യന്‍ അവന്റെ സാമ്പത്തികവും ദേശീയവും രാഷ്ട്ര്രീയവും ശാരീരികവുമായ വ്യത്യാസങ്ങളും ഭിന്നതകളും മറന്ന് ഒറ്റക്കെട്ടായി മാറുന്നു. സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങള്‍ മാത്രമാണ് എന്ന ഖുര്‍ആനിക പ്രഖ്യാപനത്തിന്റെ ജീവിക്കുന്ന ഉദാഹരണം. രാജാവിനും പ്രജക്കും ഒരേ വേഷം. പണക്കാരനും പാവപ്പെട്ടവനും ഒരേ മന്ത്രം. ഹജ്ജില്‍ മനുഷ്യസമത്വം അനുഭവവും അനുഭൂതിയുമായി മാറുന്നു. എല്ലാവരും അക്ഷരാര്‍ത്ഥത്തില്‍ ഏകോദര സഹോദരങ്ങളെപ്പോലെ പെരുമാറുന്ന അത്യപൂര്‍വ്വ കാഴ്ച. ലോകം നെഞ്ചിലേറ്റേണ്ട ഗുണപാഠം.
ചരിത്രം
ഹജ്ജ് ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞു നടത്തമാണ്. നന്നായി മുന്നോട്ട് കുതിക്കണമെങ്കില്‍ സ്വല്‍പ്പം പിറകോട്ട് നടന്നേ മതിയാവൂ. തിരിഞ്ഞുനോക്കി മുന്നോട്ടുള്ള വഴി കണ്ടെത്തേണ്ടതുണ്ട്. മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജ്ജം സംഭരിക്കാന്‍ വേണ്ടി ചരിത്രത്തിലേക്ക് യാത്ര. അങ്ങിനെ നാം ആദിമ പിതാവായ ആദമിന്റെ ചരിത്രത്തില്‍ മുട്ടി. അന്ത്യ പ്രവാചകനായ മുഹമ്മദ് നബിയില്‍ എത്തിച്ചേരുന്നു. ഭൂമിയില്‍ എത്തിയ ആദമും ഹവ്വയും കണ്ടുമുട്ടുന്നതും തിരിച്ചറിയുന്നതും അറഫ ( അറിഞ്ഞു യില്‍ വച്ചായിരുന്നുവത്രേ. ഹജ്ജിന്റെ പ്രതീകങ്ങളില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നത് ഒരു മൂന്നംഗകുടുംബമാണ്. ത്യാഗത്തിന്റെ മൂര്‍ത്തരൂപമായ പ്രവാചകന്‍ ഇബ്രാഹിം. ധീരതയുടെയും ക്ഷമയുടെയും പെണ്‍രൂപമായ അദ്ദേഹത്തിന്റെ പത്നി ഹാജര്‍. അനുസരണത്തിന്റെ അനശ്വര മാതൃക തീര്‍ത്ത അവരുടെ സീമന്തപുത്രന്‍ ഇസ്മയില്‍. ഇവരുടെ ശോഭന ചരിത്രത്തില്‍നിന്നാണ് ഹാജി വെള്ളവും വളവും വലിച്ചെടുക്കുന്നത്. ഇവരുടെ ചരിത്രത്തിലൂടെ കടന്നുപോകാതെ ആര്‍ക്കും ഹാജിയാവുക സാധ്യമേയല്ല.
മല്‍സരം
ഹജ്ജ് നന്മയിലുള്ള സത്യവിശ്വാസികളുടെ ആരോഗ്യകരമായ മല്‍സരമാണ്. നിങ്ങള്‍ നന്മയില്‍ മല്‍സരിക്കുക (2:14 എന്ന ഖുര്‍ആനിന്റെ ആഹ്വാനമാണ് അവര്‍ക്ക് പ്രചോദകം. അല്ലാഹുവിന്റെ പാപമോചനത്തിലേക്കും അതുവഴി സ്വര്‍ഗ്ഗത്തിലേക്കും ഓടിവരിക എന്ന അല്ലാഹുവിന്റെ ആഹ്വാനവും (ആലുഇംറാന്‍ 133) അവരെ കര്‍മ്മോലര്‍സുകരാക്കുന്നു. സമാമനവുമായി അല്ലാഹു കാത്തുനില്‍ക്കുന്നു എന്നവന്‍ തിരിച്ചറിയുന്നു. അതിന്റെ ഒടുക്കം സുഗന്ധമാണ് മല്‍സരിക്കുന്നവര്‍ അത് നേടാന്‍ മത്സരിക്കട്ടെ. (അല്‍മുതഫ്ഫിഫീന്‍ 26) എവിടെയും ഈ പുണ്യം കരസ്ഥമാക്കുവാനുള്ള മല്‍സര ദൃശ്യങ്ങള്‍ കാണാം. മറ്റുള്ളവര്‍ക്ക് വെള്ളംകൊടുത്തും ഭക്ഷണം കൊടുത്തും പ്രയാസപ്പെടുന്നവരെ സഹായിച്ചും അവര്‍ നന്‍മയില്‍ മല്‍സരിക്കുന്നു. ത്യാഗം ക്ഷമ. സ്നേഹം, കാരുണ്യം, പരക്ഷേമതല്‍പ്പരത, നിഷ്കളങ്കത, വിട്ടുവീഴ്ച, ധീരത തുടങ്ങിയവയോക്കെ ഇവിടെ മല്‍സര ഇനങ്ങളാണ്.
ബലി
തനിക്ക് ഏറ്റവും പ്രിയപ്പെട്ട പുത്രനെ ദൈവ പ്രീതിക്കായി ബലിയറുക്കാനൊരുങ്ങിയ ഇബ്രാഹിം നബിയെ മാതൃകയാക്കി ഹാജി ബലിയറുക്കുന്നു. തനിക്ക് പ്രിയപ്പെട്ടതെല്ലാം അല്ലാഹുവില്‍ സമര്‍പ്പിക്കുന്നു. അങ്ങനെ ഇബ്രാഹിമിനെയും ഇസ്മയിലിനെയും പോലെ അവന്‍ പൂര്‍ണ്ണമുസ്ലീമായി മാറുന്നു. തനിക്ക് പ്രിയപ്പെട്ടതെല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അര്‍പ്പിച്ചിട്ടില്ലെങ്കില്‍ മുസ്ലിമാവുക സാധ്യമല്ലെന്ന് അവന്‍ തിരിച്ചറിയുന്നു. ചുരുക്കത്തില്‍ ഹാജിയെ പൂര്‍ണ്ണമായി ഉടച്ച് വാര്‍ത്ത് പുതിയൊരു മനുഷ്യനായി സൃഷ്ടിച്ചുവിടുന്ന പ്രക്രിയയുടെ പാഠങ്ങളാണ് ഹജ്ജ് ചൊല്ലിത്തരുന്നത്.
|
| Recently Posted Comments |
| No comments have been made yet. |
| |